2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ഉറങ്ങൂ സഘി , ശാന്തമായി...



കാലങ്ങളുടെ , കഴിഞ്ഞ് പോയ ഏടുകളുടെ
മഹാ പ്രവാഹം .. അന്നുമിന്നും മഴ പോലെ
എന്നില്‍ തെളിഞ്ഞ് പെയ്ത നീയാം കൂട്ട് ..
ഒരുപിടി എള്ളിന്റെ ചൂടില്‍ എന്നെ വകഞ്ഞു
ജലത്തിന് പകുത്തു കൊടുത്ത മനസ്സുകളില്‍
നിന്നും കോരിയെടുത്ത് , കുളിര്‍തെന്നല്‍ നല്‍കി
മാറോടണച്ച എന്റെ ജീവബലം ..
മനസ്സ് കൊണ്ടൊ വാക്ക് കൊണ്ടൊ അകറ്റുവാന്‍
പ്രാപ്തമല്ലാത്തത്രയും അരികില്‍ കുടി കൊള്ളുന്ന ദേവ സാമിപ്യം ..
കാമക്രോധ വികാരങ്ങളെയെല്ലം മൊഴികളിലൂടെ പിടിച്ചടക്കി
എന്നെ ഞാനാക്കി മാറ്റിയ ഭര്തൃ സങ്കല്പ്പം
കടലും മഴയും ഇണചേരുന്ന നിമിഷങ്ങളില്‍ എന്നിലേ പ്രണയാദ്രമാം
ചിന്തകളെ ഉണര്‍ത്തി തന്ന കാമുകഹൃദയം ..
ജീവിതത്തിന്റെ ഏതറ്റങ്ങളില്‍ വച്ചാണ് നിനക്ക് ഞാന്‍
ഇതിനൊക്കെയും നന്ദി ചൊല്ലുക ..
ദ്വേഷ്യത്തിന്റെ മൂട് പടം അണിയുമ്പൊഴും
പക്വതയുടെ , സ്നേഹത്തിന്റെ ചൂരു നല്‍കുന്ന വാക്കുകള്‍ ..
എന്നിലാണ് നിന്റെ പ്രതീഷകള്‍ .. നിന്റെ ലോകം , നിന്റെ വാസം ..
നാളെ ഏതു പേമാരിയിലും നിലം പൊത്തി വീണാലും
അതെന്റെ കൂടെയാവണമെന്ന് കൊതിക്കുന്നുവന്‍ ..
സ്വാര്‍ത്ഥമെന്ന് തോന്നുമെങ്കിലും സ്നേഹത്തിന്റെ നിമിഷങ്ങളില്‍
ആരാണ് അങ്ങനെ ആയി പോവാത്തതല്ലേ ?
നാം സ്വയം തീര്‍ത്ത സ്നേഹത്തിന്റെ കാന്തിക മണ്ഡലം വിട്ടു പോകുവാന്‍
ഏതു ഹൃദയമാണ് മുന്നിട്ടിറങ്ങുക ? .. സ്നേഹം ബന്ധനമാണ് ..
കരുതലിന്റെ , വാല്സല്യത്തിന്റെ മഴയുടെ കുളിരുള്ള ബന്ധനം ..
ഈ രാവ് മനസ്സ് നിറക്കുന്നു , നാം ശരിയെന്ന് വിളിച്ചോതുന്നു ..
നമ്മുടെ ശരികള്‍ ലോകം അംഗീകരിക്കുന്നു എന്ന് ,
നമ്മുടെ മനസ്സുകള്‍ ലോകം കാംക്ഷിക്കുന്നു എന്ന് തോന്നുന്നു .. അല്ലേ ?
ഉറങ്ങൂ സഖേ , ശാന്തമായി .. സ്നേഹപൂര്‍വ്വമെന്റെ മിഴികള്‍
നിനക്ക് ചുറ്റും തരാട്ട് പാടുന്നുണ്ട് ..

2 അഭിപ്രായങ്ങൾ: